പോർട്ട് ഫോളിയോയുടെ അടിസ്ഥാന ഘടകങ്ങൾ.
അസറ്റുകൾ
സാമ്പത്തികപരമായി മൂല്യമുള്ളതും ഉപയോഗപ്രദമുള്ളതുമായ ഏത് വസ്തുവും അസ്സറ്റുകളാണ്. ഏതെങ്കിലും തരത്തിൽ നമ്മളിൽ പലരും സാമ്പത്തിക ആസ്തികൾ (FINANCIAL ASSETS) കൈകാര്യം ചെയ്യുന്നുണ്ട്.
നാം കൈകാര്യം ചെയ്യാവുന്ന അസറ്റിനെ പ്രധാനമായും മൂന്നു തരത്തിലാണ് പ്രാഥമികമായി തരം തിരിച്ചിരിക്കുന്നത്. സമ്പാദ്യത്തിന്റെ ഈ തരം തിരിക്കലിനെ അസറ്റ് ക്ലാസുകൾ എന്നാണ് വിളിക്കുന്നത്.
- ഇക്വിറ്റികൾ - (സ്റ്റോക്കുകൾ, ഓഹരികൾ എന്നൊക്കെ വിളിക്കുന്ന സമ്പാദ്യത്തിന്റെ രൂപം)
- ഫിക്സഡ് ഇൻകം - (ബോണ്ടുകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ, ആർ ഡി എന്നിവയൊക്കെ)
- CASH & CASH EQUIVALENTS - (സേവിങ് അക്കൗണ്ടുകൾ, കയ്യിലെ പണം ഇവയൊക്കെ)
സമ്പാദ്യത്തിന്റെ സ്വഭാവവും പ്രത്യേകതകളും (ASSET QUALITY & BEHAVIOURS) അടിസ്ഥാനമാക്കി അസ്സറ്റുകളെ തരാം തിരിക്കുനതിനെയും പലതരം അസറ്റ് ക്ലാസുകളെയും വിശദമായി മനസിലാക്കാൻ മുന്നേ എഴുതിയ ഈ പോസ്റ്റ് വായിക്കുക
ഫിനാൻഷ്യൽ അസറ്റും, അസറ്റ് ക്ലാസ്സുകളും... (Previous Post Link)
എന്താണ് പോർട്ട്ഫോളിയോ ?
ലോകത്തിലെ ഏതൊരു വ്യക്തിയും സ്വന്തമായി എന്തെങ്കിലുമൊക്കെ സമ്പാദ്യം ഉള്ളവരായിരിക്കും. ഒരുരൂപ ആണെങ്കിൽ പോലും അത് സമ്പാദ്യമാണ്. എന്നാൽ മിക്കവർക്കും സമ്പാദ്യങ്ങൾ പല അസെറ്റ് ക്ലാസ്സുകളായി ചിതറികിടക്കുവായിരിക്കും. ഇത്തരത്തിൽ ഒരു വ്യക്തിയുടെ പലരൂപങ്ങളിൽ ഉള്ള മൊത്തം സമ്പാദ്യം മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ഒരു സാങ്കല്പിക ബോക്സിൽ ഇട്ടുവയ്ക്കുക ആണെന്ന് കരുതുക.ആ സാങ്കല്പിക ബോക്സിനെ വിളിക്കുന്ന പേരാണ് പോർട്ട്ഫോളിയോ.
പോർട്ട്ഫോളിയോ സൃഷ്ടിക്കുന്നതിലൂടെ ഒരു വ്യക്തി തന്റെ അസ്സറ്റുകൾ (ഓഹരികൾ, ബോണ്ടുകൾ, ക്യാഷ്, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങി സാമ്പത്തികമൂല്യമുള്ള എന്തും) എല്ലാം ഈ ബോക്സിൽ ഇട്ടുവയ്ക്കുന്നു എന്ന് കരുതുക. ഈ ബോക്സിനെ ശ്രദ്ധിക്കുന്നതിലൂടെ അയാളുടെ മൊത്തം സമ്പാദ്യം ഒരൊറ്റ പോയിന്റിലൂടെ കാണാനും കൈകാര്യം ചെയ്യാനും അതിന്റെ ഉടമസ്ഥന് സാധിക്കുന്നു.
ASSET PORTFOLIO & INCOME/INVESTMENT PORTFOLIO
പോർട്ട്ഫോളിയോയും ഇൻകംപോർട്ട് ഫോളിയോയും തമ്മിലെ വത്യാസ്സം.
മുകളിലെ വിവരണത്തിൽ നിന്നും തന്നെ പോർട്ട് ഫോളിയോ എന്നത് ഒരു വിശാലമായ പദം ആണെന്നും പലതരം അസ്സറ്റുകൾ കൈകാര്യം ചെയ്യുന്ന ഒരു ഉപാധിയാണെന്നും മനസിലാക്കാം. എന്നാൽ പലപ്പോഴും നിക്ഷേപകർ തങ്ങളുടെ വരുമാനം നേടിത്തരുന്ന സമ്പാദ്യങ്ങളെ (INCOME EARNING ASSETS ) ഒരു പ്രത്യേക വിഭാഗമായി കണക്കാക്കി INVESTMENT PORTFOLIO എന്ന ഓമനപ്പേരിൽ കൈകാര്യം ചെയ്യാറുണ്ട്. രണ്ടും തമ്മിലെ വത്യാസം, ഒന്ന് ആസ്തികൾ മൊത്തമായി കൈകാര്യം ചെയ്യുമ്പോൾ മറ്റൊന്നും സാമ്പത്തികമായി പ്രവർത്തിക്കുന്ന, വരുമാനം നിക്ഷേപകന് തിരികെ നൽകുന്ന ആസ്തികൾ കൈകാര്യം ചെയ്യുന്നു എന്നതാണ് .
പോർട്ട്ഫോളിയോ മാനേജ്‌മന്റ്.
ഒരു നിക്ഷേപകന് എന്ന നിലയിൽ പരമപ്രധാനമായ ലക്‌ഷ്യം നമ്മുടെ നിക്ഷേപ പോർട്ട് ഫോളിയോ (INVESTMENT PORTFOLIO) വിപുലീകരിക്കുകയും അതിന്റെ മൂല്യം വളർത്തിയെടുക്കുകയും (WEALTH CREATION) ചെയ്യുക എന്നതാണ്. വിശേഷ വിജ്ഞാനമുള്ള, വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട ഈ നിക്ഷേപക പോർട്ട് ഫോളിയോയുടെ നിയന്ത്രണം മിക്കപ്പോഴും നിക്ഷേപകൻ സ്വതന്ത്രമായോ അല്ലെങ്കിൽ പ്രഫഷണൽ ആയ ആൾക്കാരുടെ സഹായത്തോടെയോ ചെയ്യുന്നു. റോബോട്ടിക് അഡ്വൈസിംഗ് ഫോർമാറ്റുകളും ഈ ഉദ്ദേശത്തോടെ ഇന്ന് ലഭ്യമാണ്.
PORTFOLIO DIVERSIFICATION & ASSET ALLOCATION
പോർട്ട് ഫോളിയോ വൈവിധ്യവൽകാരണവും അസറ്റുകളുടെ വിന്യാസവും
നമ്മുടെ ആകെ സമ്പാദ്യം ഒരൊറ്റ അസറ്റിൽ അല്ലെങ്കിൽ ഒരൊറ്റ തരത്തിൽ ആയാൽ അതിന്റേതായ പ്രശ്‌നം ഉണ്ട്.
ഉദാഹരണം രണ്ട് പബ്ലിക് ട്രാൻസ്‌പോർട്ടിങ് കമ്പനി നോക്കുക. ആദ്യത്തെ കമ്പനി ബസ്സുകൾ മാത്രം ഓടിക്കുന്നു എന്നാൽ രണ്ടാമത്തെ കമ്പനി കുറച് ബസ്സുകളും, കുറച് ട്രക്ക്കളും, കുറച് കാർ ടാക്‌സികളും ഒക്കെയായി വൈവിധ്യവത്കരണം നടത്തിയിരിക്കുന്നു. നമുക്കറിയാം ബസ്സുകൾ കാർ ടാക്സികളുമായി താരതമ്യം ചെയ്‌താൽ കൂടുതൽ ലാഭമാണ്. അതുകൊണ്ടു തന്നെ ലാഭം വർധിപ്പിക്കാൻ ആദ്യത്തെ കമ്പനി ബസ്സുകളിൽ മാത്രം സ്ട്രെറ്റർജി ഉണ്ടാക്കി. എന്നാൽ രണ്ടാമത്തെ കമ്പനി പലമേഖലകളിൽ നിന്നും ഉള്ള അവസരം മുതലെടുക്കാനാണ് നോക്കിയത്.
രണ്ടു ബിസിനെസ്സുകളും മികച്ച രീതിയിൽ പോയെങ്കിലും. ഒരുവർഷത്തിനു ശേഷം കൊറോണ എന്ന മഹാമാരി പിടിപെട്ടു. ഉടനടി പബ്ലിക് ട്രാൻസ്‌പോർട് എല്ലാം ഗവർമെന്റ് നിർത്തലാക്കി. എന്നാൽ ആവശ്യസർവീസുകൾ ആയ ട്രക്ക്, ടാക്സി എന്നിവയ്ക്ക് കാര്യമായ പ്രതിബന്ധനങ്ങൾ ഒന്നും വന്നില്ല. ഇതോടെ രണ്ടു ബിസിനസ്സിലും വന്ന മാറ്റങ്ങൾ നോക്കാം
ആദ്യത്തെ കമ്പനി വരുമാനം മൊത്തം നിലച്ചു. രണ്ടാമത്തേത് വരുമാനത്തിന്റെ 60% ഇപ്പോളും ട്രക്ക്, ടാക്സിയുടെ നേടുന്നു. അതായതു ബിസിനസ്സിന്റെ വൈവിധ്യവത്കരണത്തിലൂടെ രണ്ടാമത്തെ കമ്പനി റിസ്കിനെ കൈകാര്യം ചെയ്യുകയും. എന്നാൽ ഒരൊറ്റ ബിസിനെസ്സ് മേഖലയിൽ കേന്ദ്രീകരിച്ചതിലൂടെ ഒന്നാമത്തെ കമ്പനി തകർച്ചയിലും ആവുന്നു.
ഇതുപോലെയാണ് പോർട്ട് ഫോളിയോയിൽ ഉള്ള റിസ്കും. ഒരൊറ്റ തരം ആസ്തിയിൽ കേന്ദ്രീകരിച്ചാൽ അവിടെ ഉണ്ടാകാൻ സാധ്യതയുള്ള റിസ്ക് മൊത്തം സമ്പാദ്യത്തെയും തകർക്കും (ഉദാഹരണമായി 100% ഓഹരിവിപണിയിൽ നടത്തുന്ന നിക്ഷേപം - വിപണിയിലെ തകർച്ചയോടെ മൊത്തം പോർട്ട് ഫോളിയോ തീരുമാനമാകും) എന്നാൽ റിസ്ക് കൈകാര്യം ചെയ്യാനുള്ള ശേഷി കണക്കാക്കി അതിനനുയോജ്യമായ പലതരം അസറ്റുകളിൽ നിക്ഷേപം വൈവിധ്യവത്കരിച്ചാൽ റിസ്ക് കുറച്ചുകൂടെ മെച്ചമായി കൈകാര്യം ചെയ്യാം. ഈ രീതിയിൽ റിസ്ക് മാനേജ് ചെയ്യാൻ നിക്ഷേപത്തിൽ വരുത്തുന്ന അസറ്റുകളുടെ ശാസ്ത്രീയമായ വിന്യാസത്തെ ആണ് അസറ്റ് അലോക്കേഷൻ എന്ന് വിളിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്ന് വച്ചാൽ ആവശ്യത്തിൽ കൂടുതൽ വൈവിധ്യവത്കരണം നടത്തിയാൽ (OVER DIVERSIFICATION) ഗുണം പോലെ ദോഷവും സംഭവിക്കും. റിസ്കിനോടൊപ്പം റിട്ടേൺ കൂടെ നഷ്ടമാകും.
അതായത് സാമ്പാറുണ്ടാകാൻ പത്തുകിലോ തക്കാളിയോ പത്തുകിലോ പരിപ്പോ വാങ്ങുന്നതിനു പകരം ഒരുകിലോ തക്കാളിയോ ഒരുകിലോ പരിപ്പോ മാത്രം വാങ്ങി മിച്ചം വരുന്ന തുകയ്ക്ക് ആവശ്യത്തിന് മാത്രം ബാക്കിയുള്ള പച്ചക്കറികൾ വാങ്ങുന്ന സാമാന്യബുദ്ധി മാത്രമേ ഇവിടെ ആവശ്യമുള്ളു.
പോർട്ട് ഫോളിയോ ഉണ്ടാകേണ്ടതിന്റെ ആവശ്യം
നിക്ഷേപം ശരിയായി വിശകലനം ചെയ്യാനും അതിന്റെ വളർച്ച വിലയിരുത്തുവാനും. നമ്മുടെ സമ്പത്തിന്റെ ശക്തിയും ന്യൂനതയും മനസിലാക്കാനും പോർട്ട് ഫോളിയോ വളരെ അത്യാവശ്യമാണ്. നമ്മുടെ സാമ്പത്തികമായ ലക്ഷ്യങ്ങൾ (FUTURE GOALS) പോർട്ട് ഫോളിയോയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നതിലൂടെ നമ്മുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയും, നാം ആ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായി ചെയ്യേണ്ട കർമ്മപദ്ധതികളും രൂപീകരിക്കാൻ സാധിക്കും.
പോർട്ട് ഫോളിയോ റീ ബാലസിങ്ങ്
പോർട്ട് ഫോളിയോ ഉണ്ടാക്കിയ ശേഷം, സ്വന്തം സാമ്പത്തികാവസ്ഥ മനസിലാക്കി അസെറ്റുകൾ പൂർണമായും വിന്യസിച്ചാൽ നമ്മുടെ പോർട്ട്ഫോളിയോ പ്ലാൻ റെഡിയായി എന്ന് പറയാം. പിന്നെ പ്രവർത്തിക്കേണ്ടത് നമ്മുടെ ആസ്തികൾ ആണ്. എന്നാൽ മാർക്കറ്റിൽ ആസ്തികൾ ഒരിക്കലും ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റിൽ അല്ല പ്രകടനം നടത്തുക. ഉദാഹരണമായി ഒരു വ്യക്തി താഴെ കാണും വിധം
- 60% ഓഹരികളിലും
- 20% ഫിക്സഡ് ഡെപ്പോസിറ്റുകളിലും
- 20% റിയൽ എസ്റ്റേറ്റിലും
അയാളുടെ റിസ്ക് ലെവൽ അനുസരിച് നിക്ഷേപിച്ചു എന്നിരിക്കട്ടെ. ഒരു വർഷത്തിന് ശേഷം ഓഹരിവിപണി മുന്നേറുകയും ഫിക്സഡ് ഡെപ്പോസിറ്റ് റേറ്റ് കുറയുകയും റിയൽ എസ്റ്റേറ്റ് മാറ്റമില്ലാതെയാണ് തുടരുന്നു എന്ന് കണക്കാക്കുക. പോർട്ട് ഫോളിയോ പരിശോദിച്ചാൽ അയാളുടെ മൊത്തം അസറ്റ് വിന്യാസം (ASSET ALLOCATION) ഇപ്പോൾ ഇങ്ങനെ ആയി കാണാം
- 80% ഓഹരികൾ
- 15% ഫിക്സഡ് ഡെപ്പോസിറ്റുകൾ
- 5 % റിയൽ എസ്റ്റേറ്റ്
ഇപ്പോൾ ഈ വ്യക്തിക്ക് തന്റെ പ്ലാൻ ചെയ്ത ആദ്യത്തെ റിസ്ക് ലെവൽ അനുസരിച്ചു ഓഹരികളിൽ 20% കൂടുതൽ റിസ്കും ഫിക്സഡ് ഡെപ്പോസിറ്റുകളിൽ 5% കുറവ് റിസ്കും റിയൽ എസ്റ്റേറ്റിൽ 15% കുറഞ്ഞ റിസ്കും ആണുള്ളത്. അതായത് അയാൾക്ക് ഓഹരിയിൽ നിന്നുള്ള അധികമായ 20% സമ്പാദ്യം നീക്കം ചെയ്ത് ആ പ്രോഫിറ്റിൽ നിന്നും 5% ഫിക്സഡ് ഡെപ്പോസിറ്റുകളിലേക്കും 15 % റിയൽ എസ്റ്റേറ്റിലേക്കും മാറ്റംചെയ്യാം. ഈ പുനഃക്രമീകരണത്തിൽ ചില അസറ്റുകൾ പൂർണമായും ഒഴിവാക്കുകയോ പുതിയവ കൊണ്ടുവരികയോ ഒക്കെ ചെയ്യാറുണ്ട്. ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നേട്ടം കുറഞ്ഞാൽ കൂടുതൽ യീൽഡുള്ള ബോണ്ടുകളിൽ നിക്ഷേപിക്കുന്നത് ഒരുദാഹരണം.
ഈ തരത്തിൽ പോർട്ട് ഫോളിയോ പുനഃക്രമീകരിക്കുന്നതിലൂടെ നിക്ഷേപകന്റെ റിസ്ക് ലെവൽ പുനഃക്രമീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ പുനഃക്രമീകരണമാണ് റീ ബാലൻസിംഗ് എന്നറിയപ്പെടുന്നത്.
നിക്ഷേപകർ നിശ്ചിതകാലയളവിൽ തീർച്ചയായും ചെയ്യേണ്ട ഒരു പ്രക്രിയ ആണ് പോർട്ട് ഫോളിയോ റീ ബാലൻസിംഗ്.
പ്രധാന വസ്തുതകൾ
- പോർട്ട് ഫോളിയോ എന്നാൽ ഒരു നിക്ഷേപകന്റെ പൂർണമായ സമ്പാദ്യത്തിന്റെ ആകെ ശേഖരണം ആണ്. അതിൽ സമ്പാദ്യം സൗകര്യത്തിനായി പല അസറ്റ് ക്ലാസ്സുകളായി തിരിച് വിശദമായി തരാം തിരിച്ചിരിക്കുന്നു.
- സാദാരണയായി നിക്ഷേപകർ പോർട്ട് ഫോളിയോ ആകെത്തുകയായി വളരാനോ അതിന്റെ മൂല്യം ശോഷണമില്ലാതെ കാത്തുസൂക്ഷിക്കാൻ ആണ് ഫിനാൻഷ്യൽ പ്ലാനിങ് ചെയ്യുന്നത്.
- പോർട്ട് ഫോളിയോ മാനേജ്‌മന്റ് വൈദഗ്ദ്യം ആവശ്യമുള്ള മേഖലയാണ്. നിസ്സാരമായി ചെയ്യാവുന്ന ഒരു കാര്യമല്ല. മാർക്കറ്റ് കണ്ടീഷനുകളെക്കുറിച്ചു നല്ല അറിവ് വേണ്ട മേഖലയാണ്.
- പോർട്ട് ഫോളിയോ ഉണ്ടാക്കുമ്പോൾ നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ. അതിലേക്കു വേണ്ട സമയം. റിസ്കെടുക്കാനുള്ള ശേഷി തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിലയിരുത്തിയാവണം പ്ലാൻ ചെയ്യേണ്ടത്.
0 Comments