മ്യുച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്ന പല നിക്ഷേപകരും തുടക്കത്തിൽ നിക്ഷേപങ്ങൾ ചെറിയ തുകകളായി വിഭജിച്ചുകൊണ്ടു പല SIP പ്ലാനുകളായി നിക്ഷേപിച്ചു കാണാറുണ്ട്. പലരും സ്റ്റോക്കുകൾ പോലെ പത്തോ പതിനഞ്ചോ ഫണ്ടുകളിൽ വരെ നിക്ഷേപം തുടരാറുമുണ്ട്. നാം ഒരു ലക്ഷ്യത്തിലേക്കു യാത്ര തിരിക്കുമ്പോൾ ഒരൊറ്റ വാഹനമോ അല്ലങ്കിൽ ഒന്നോ രണ്ടോ സ്റ്റോപ്പുകൾ മാറി കയറി ലക്ഷ്യത്തിലേക്കു നീങ്ങുന്നതിനുപകരം, വഴിയിൽ പത്തോ പതിനഞ്ചോ സ്റ്റോപ്പുകളിൽ കയറി പലരോടും പല അഭിപ്രായങ്ങളും ചോദിച്ചുകൊണ്ട് യാത്ര തുടരുന്നത് യാത്രികനെ സംബന്ധിച്ചു സമയവും പണവും പരിശ്രമവും എല്ലാം അനാവശ്യമായി പാഴ്ച്ചെലവ് വരുത്തുന്ന കാര്യങ്ങളാണ്. ഇതേ നിക്ഷേപക പ്രവണത എന്തുകൊണ്ടാണ് നിക്ഷേപകനെ സംബന്ധിച്ചു അബദ്ധമാണെന്നും തിരുത്തപ്പെടേണ്ടതാണെന്നും നോക്കാം .
എന്തുകൊണ്ട് ഈ പ്ലാൻ വിചാരിച്ച പ്രകടനം നൽകില്ലെന്ന് പറയുന്നു?
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് റെഗുലേറ്റർ ആയ സെബി മാർക്കറ്റ് കാപിറ്റലൈസേഷന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ക്യാപിറ്റൽ ഉള്ള 100 ഓഹരികൾ ആണ് ലാർജ് ക്യാപ് ഓഹരികളായി കണക്കാക്കിയിരിക്കുന്നത്. ഈ 100 സ്റ്റോക്കുകളുടെ ഇടയിൽ നിന്നും വളർച്ചയുടെയും വാല്യൂവിന്റെയും ഒക്കെ അടിസ്ഥാനത്തിൽ പല ഫണ്ട് മാനേജർമാരും 100 കണക്കിന് മ്യുച്ചൽ ഫണ്ടുകൾ പല പേരുകളിലും സ്ട്രാറ്റർജിയിലും രൂപീകരിച്ചാൽ അവയുടെ ഒക്കെയും അടിസ്ഥാനം ഈ പറഞ്ഞ 100 സ്റ്റോക്കുകൾ മാത്രമായിരിക്കും. ഇത്തരത്തിൽ ഒരേ ഗ്രൂപ്പ് ഓഹരികൾ അടിസ്ഥാനമാക്കിയ ഒന്നിലധികം ഫണ്ടുകൾ വാങ്ങുന്നതിലൂടെ ഒരേ ഓഹരികൾ പല ഏജൻസികൾ വഴി വാങ്ങുന്നതിനു തുല്യമാണ് .ഇത്തരത്തിൽ ഒരേ ടൈപ്പ് ഫണ്ടുകൾ പല കമ്പനികളിൽ നിന്നും വാങ്ങുമ്പോൾ ഒരേ ഓഹരികളുടെ പോർട്ട് ഫോളിയോ പല ഏജൻസികൾക്കും ഫണ്ടിന്റെ നടത്തിപ്പ് ചിലവുകൾ നൽകി വാങ്ങുകയാണ്.
ഉദാഹരണമായി നിഫ്റ്റി 50 എന്ന ഇന്ഡക്സിനെ അടിസ്ഥാനമാക്കി ഉള്ള മ്യുച്ചൽഫണ്ടുകളുടെ എണ്ണം ഈ ആർട്ടിക്കിൾ എഴുതുമ്പോൾ (ജൂൺ 9 -2021 )എണ്ണം 80 ആണ്. ഈ 80 ഓളം മ്യുച്ചൽഫണ്ടുകളും പോർട്ട് ഫോളിയോ ഉണ്ടാക്കേണ്ടത് നിഫ്റ്റി ഫിഫ്‌റ്റിയിലെ ആകെ 50 ഷെയറുകൾ വച്ചാണ്. എങ്ങിനെ നോക്കിയാലും ഈ മ്യുച്ചൽ ഫണ്ടുകളുടെ എല്ലാം പോർട്ട് ഫോളിയോയിൽ ഒരേ ഷെയറുകൾ തന്നെയാണ് കാണുക. അതായത് സ്കീമിന്റെ പേരും പോസ്റ്ററിന്റെ കളറും അസ്സറ്റു മാനേജ്‌മന്റ് കമ്പനിയും മാത്രം മാറ്റവും ബാക്കിയെല്ലാം തത്വത്തിൽ ഒന്നുമാണ്. ഈ അവസരത്തിൽ റിസ്ക് കുറയുമോ ?
ഇല്ല! കാരണം നിഫ്റ്റി 5% ഇടിഞ്ഞാൽ ഉറപ്പായും ഈ പറഞ്ഞ 80 ഫണ്ടുകളും 4% മുതൽ 6% വരെ ഇടിയും. അതായത് ഈ രീതിയിൽ നിക്ഷേപിക്കുന്ന ഒരാൾ വിശേഷപ്പെട്ട ഒരു ഗുണങ്ങളും ഇല്ലാതെ വെറുതെ പല അസറ്റ് മാനേജ്‌മന്റ് കമ്പനികൾക്കും പണം നൽകി ഒരേ പോർട്ട് ഫോളിയോ വാങ്ങുകയാണ്.
നിഫ്റ്റി 50 മാത്രമല്ല, സ്മാൾ, മിഡ്ക്യാപ്പ് ഇൻഡെക്സുകൾ എടുത്തു മികച്ച പെർഫോം ചെയ്യുന്ന ഫണ്ടുകൾ നോക്കിയാൽ ആദ്യത്തെ പത്തും മിക്കവാറും പോർട്ട് ഫോളിയോ 60-90 % വരേ ഒന്നുതന്നെ ആയിരിക്കും. ഫലമോ പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലെങ്കിലും പോർട്ട് ഫോളിയോ അലങ്കോലം ആയി കിടക്കും. ഫണ്ടിന് നൽകുന്ന എക്സ്പെൻസുകൾ വർധിക്കുകയും ചെയ്യും.
പലതരം ഫണ്ടുകൾ വാങ്ങുന്ന രീതി അല്ല DIVERSIFICATION !
ഒരു പോർട്ട് ഫോളിയോയുടെ മൊത്തം VOLATALITY ( ഫണ്ടിന്റെ വാല്യൂ അസ്ഥിരമായി മുകളിലോട്ടും താഴോട്ടും ഉള്ള ചാഞ്ചാട്ടം ) കൺട്രോൾ ചെയ്യാനാണ് വൈവിധ്യവത്കരണത്തിന്റെ ഉദ്ദേശം എങ്കിൽ റിസ്ക് ലെവൽ പരസ്പരം ബന്ധപ്പെടാത്ത അസറ്റുകൾ ആണ് പോർട്ട്ഫോളിയോയിൽ വേണ്ടത്. അതായത് ബോണ്ടുകളും ഓഹരികളും ഒക്കെ പോലുള്ള വത്യസ്തമായ അസറ്റുകൾ. ഓഹരിവിപണിയിൽ തകർച്ച നേരിടുമ്പോൾ ബോണ്ടുകളിലേക്കു സുരക്ഷ കണക്കാക്കി നിക്ഷേപകർ വരും. മറിച്ചു ഓഹരിയിൽ പ്രകടനം മികച്ചതാകുമ്പോൾ നിക്ഷേപകർ ഓഹരിയിലേക്കും നിക്ഷേപം മാറ്റും. അപ്പോൾ ഈ രണ്ട് തരം അസറ്റുകളും പോർട്ട്ഫോളിയോയിൽ ഉണ്ടെങ്കിൽ റിസ്ക് ബാലൻസ് ആകും. മറ്റൊരു ഓപ്‌ഷനാണ് പോർട്ട് ഫോളിയോയിൽ ഗോൾഡും ഓഹരിയും ഒക്കെ കലർത്തുന്നത്. ഇവയെല്ലാം തന്നെ പല അസറ്റ് ക്ലാസുകൾ ആണ്. പലതരത്തിലുള്ള അസറ്റ് ക്ലാസുകൾ ഇടകലർത്തുന്നതിലൂടെ പോർട്ട്ഫോളിയോയുടെ റിസ്ക് ലെവൽ മാറുകയും ആകെ നിക്ഷേപത്തിന്റെ സ്വഭാവം ഒന്ന് സന്തുലിതമാകുകയും ചെയ്യുന്ന പ്രവർത്തിയാണ് വൈവിധ്യവത്കരണം അല്ലെങ്കിൽ DIVERSIFICATION.
നിഫ്റ്റി 50 ഇൻഡക്സ് ഫണ്ടുകളിൽ 1000 നിക്ഷേപിക്കുന്നതും, ഏതെങ്കിലും ബ്ലൂ ചിപ്പിൽ 1000 നിക്ഷേപിക്കുന്നതും, നിഫ്റ്റി 50 ETF ൽ മറ്റൊരു ആയിരം നിക്ഷേപിക്കുന്നതും വൈവിധ്യവത്കരണം അല്ലെന്നും ഓരോ ഫണ്ടിനും എക്സ്പെൻസ് റേഷ്യോ പ്രത്യേകമായി നൽകുന്നതിലൂടെ ലോങ്ങ് ടേമിൽ നേട്ടം നന്നായി കുറയാൻ മാത്രമേ ഉപകരിക്കൂ എന്നും മനസ്സിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.
എന്തുകൊണ്ട് ഇത്തരം നിക്ഷേപക രീതികൾ അഡ്വൈസർമാർ നൽകുന്നു ?
നിക്ഷേപകന്റെ റിസ്ക് പല ഫണ്ടുകളിൽ ആയി വരുമ്പോൾ കുറഞ്ഞുവരും എന്ന കാല്പനിക കഥകളുമായി കമ്മീഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏജന്റുമാർ നൽകുന്ന തെറ്റായ വിവരങ്ങൾ ഒരുപാട്‌പേരെ സ്വാധീനിക്കാറുണ്ട്. പല നിക്ഷേപകർക്കും റിസ്ക് മാനേജ്‌മന്റ് ടൂളുകളുടെ ഉദ്ദേശശുദ്ധി പോലും കണക്കാക്കാതെ ഉപയോഗപ്പെടുത്തുക എന്ന് മാത്രമേ ആഗ്രഹമുള്ളു. എന്നാൽ ഇത്തരം ക്രമീകരണങ്ങൾ ഉദ്ദേശിക്കുന്ന ഗുണം നൽകുമോ എന്നൊന്നും ആലോചിക്കാറില്ല. ഒരേ ബെഞ്ച്മാർക്കിനെ അടിസ്ഥാനമാക്കി 4-5 ഫണ്ടുകളും. രണ്ടും മൂന്നും ബ്ലൂ ചിപ്പ് ഫണ്ടുകളും എല്ലാം ഇവരുടെ പോർട്ട് ഫോളിയോയിൽ കാണും.
ഇൻഡക്സ് ഫണ്ടുകളിൽ തന്നെ സെൻസെക്സ് അടിസ്ഥാനമാക്കിയ ഫണ്ട് ആയാലും നിഫ്റ്റി 50 അടിസ്ഥാനമാക്കിയ ഫണ്ട് ആയാലും പലരും തുല്യമായി തുക വിഭജിച്ചു നിക്ഷേപിച്ചു കാണാറുണ്ട്. എന്നാൽ ഇതിന്റെ നേട്ടം ഒരാൾക്കും വിവരിക്കാനും ആവില്ല. രണ്ട് ഇൻഡെക്സുകളും ലോങ്ങ് ടെർമിൽ വിശകലനം ചെയ്‌താൽ അപൂർവമായി മാത്രം 1% ത്തിൽ കൂടുതൽ വത്യാസം പ്രകടനത്തിൽ കാണാറില്ല. ഫണ്ട് മാനേജ്‌മന്റ് കമ്പനി ലേബലുകൾ മാറ്റുന്നു എന്നല്ലാതെ അടിസ്ഥാനപരമായി പ്രകടനത്തിൽ യാതൊരു വത്യാസവും ഇവർ തമ്മിൽ ഇല്ല. സെൻസെക്സിൽ 31 കമ്പനികൾ മാത്രമാണ് ഉള്ളത് എന്നതുകൊണ്ട് VOLATALITY ഇത്തിരി കൂടുതൽ ആണ് എന്ന് മാത്രമാണ് അകെ വത്യാസം.
ശക്തമായ പോർട്ട് ഫോളിയോ ഉണ്ടാക്കാനായി എന്തുചെയ്യാം ?
- 1000 - 500 രൂപയ്ക്കു ഒരേ കാറ്റഗറിയിൽ, ഒരേ തരാം മാർക്കറ്റ് കാപ്പിൽ ഉള്ള ഒരേ ബെഞ്ച്മാർക്കിനെ അടിസ്ഥാനമാക്കിയ ഫണ്ടുകൾ എല്ലാം വെട്ടിച്ചുരുക്കി ഒരൊറ്റ ഫണ്ടിൽ നിക്ഷേപിക്കാം. ഇൻഡക്സ് ഫണ്ടുകളുടെ ഗുണം മനസിലാക്കിയ ആൾ ആണെങ്കിൽ ഇൻഡക്സിങ് മാത്രം മതി ലോങ്‌ടെർമിൽ നിക്ഷേപം വളരാൻ.
- ഫണ്ട് ഉപദേശിച്ചുതരുന്ന ആൾക്കാർക്ക് എല്ലാ അസറ്റ് മാനേജ്‌മെന്റ് കമ്പനികളെയും ഒരുപോലെ തൃപ്തിപ്പെടുത്തണം എന്നോർക്കുക. അതുകൊണ്ടു തന്നെ അത്തരം റിസ്ക് ഉപദേശങ്ങൾ സ്നേഹത്തോടെ നിരസിക്കുക.
- നിക്ഷേപിക്കാൻ ഉദ്ദേശിച്ച ഫണ്ട് 1000രൂപ ആയാലും 5000 ആയാലും 10000രൂപയായാലും ഒരു കാറ്റഗറിയിൽ ഒരൊറ്റ ഫണ്ടിൽ മാത്രം നിക്ഷേപിക്കുക എന്ന തത്വം പിന്തുടരുക. നിക്ഷേപത്തിന്റെ ബെഞ്ച്മാർക് ശ്രദ്ധിച്ചു പോർട്ട് ഫോളിയോ ചുരുക്കി ശക്തമായ പ്രകടനം ഉള്ള നിക്ഷേപങ്ങൾ മാത്രം തുടരുക.
- ഫണ്ട് കൂടിയാൽ റിസ്ക് കുറയില്ലെന്നും, പോർട്ട് ഫോളിയോ പ്രകടനം ശ്രദ്ധിക്കാൻ പ്രയാസമാണെന്നും, EXPENSE ഫണ്ടുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു നൽകേണ്ടി വരും എന്നും മനസിലാക്കുക.
0 Comments