Courtesy - MS Office stock images! |
നിക്ഷേപിച്ചു തുടങ്ങുന്നതിനു മുന്നേ.....
നിക്ഷേപം മ്യുച്ചൽഫണ്ടുകളിലോ ഓഹരികളിലോ എന്തുമാവട്ടെ, നിക്ഷേപിക്കാൻ തുടങ്ങുന്നതിനുമുന്നെ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെകുറിച്ചാണ് ഈ പോസ്റ്റിൽ സംസാരിക്കുന്നത്.
ആദ്യമായി നിക്ഷേപങ്ങൾ തുടങ്ങുന്നതിനു മുന്നേ നിക്ഷേപകൻ തങ്ങൾക്ക് വന്നുചേരാൻ സാധ്യതയുള്ള സാമ്പത്തികമായ അടിയന്തരാവസ്ഥകളെ (FINANCIAL EMERGENCIES) കുറിച്ച് ബോധവാനായിരിക്കണം. ആകസ്മികമായ തൊഴിൽ നഷ്ടം, അപകടങ്ങൾ, ആശുപത്രിവാസം തുടങ്ങിയവയൊക്കെ ഇത്തരം നിശ്ചയമില്ലാത്ത അസ്ഥിരതകളാണ്.
ഇത്തരം ആകസ്മികമായ എമർജൻസികളെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയാണ് നിക്ഷേപകൻ ആദ്യം ചെയ്യേണ്ടത്. അതിനായി താഴെ പറയുന്ന കാര്യങ്ങളിൽ നിന്നും തുടങ്ങാം
- വാർഷികവരുമാനത്തിന്റെ 10 മുതൽ 20 മടങ്ങ് എങ്കിലും ലൈഫ് ഇൻഷുറൻസ് എടുക്കുക.
- മിനിമം 5 ലക്ഷത്തിന്റെയെങ്കിലും ആരോഗ്യസുരക്ഷാ ഇൻഷുറൻസ് എടുക്കുക.
- മിനിമം 6 മാസം മുതൽ 24 മാസം വരെയുള്ള കുടുംബച്ചിലവുകൾക്ക് തുല്യമായ തുക എമർജൻസി ഫണ്ടായി സ്വരൂപിക്കുക.
മുകളിൽ പറഞ്ഞ 3 അടിസ്ഥാന തത്വങ്ങളും പൂർത്തിയാക്കിയാൽ ഏതൊരു വ്യക്തിക്കും സാദാരണയായി സംഭവിക്കാറുള്ള സാമ്പത്തിക അടിയന്തരാവസ്ഥകൾ ഒട്ടുമിക്കതും സുരക്ഷിതമായി മറികടന്നുവരാം.
സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങൾ മനസിലാക്കുക!.... MAP YOUR FINANCIAL GOALS!
പലപ്പോഴും വ്യക്തികൾ നിക്ഷേപങ്ങൾ തുടങ്ങുന്നത് യാതൊരു ലക്ഷ്യങ്ങളും ഇല്ലാതെ കയ്യിൽ ചിലവുകളേക്കാൾ കൂടുതൽ പണം വരുമ്പോൾ മാത്രമാണ്. ഇവർ ഭാവിയിൽ ആവശ്യങ്ങൾ വന്നുതുടങ്ങുമ്പോളേക്കും നിക്ഷേപം പൂർണമായും നിർത്തുകയും ചെയ്യും. മ്യുച്ചൽഫണ്ടുകളിൽ ലഭ്യമായ നേട്ടം ഫിക്സഡ് ഡെപോസിറ്റിനേക്കാളും, ആർ ഡിയെക്കാളും തങ്ങൾക്ക് പരിചയമുള്ള എൽ ഐ സിയെക്കാളും കൂടുതലാണെന്ന കാരണം കൊണ്ടും നിക്ഷേപങ്ങൾ തുടങ്ങുന്നവരുണ്ട്.
എന്നാൽ നമുക്ക് ഭാവിയിലെ ഒരാവശ്യത്തിനായി
- എന്ന് പണം വേണം?
- എത്രത്തോളം പണം വേണ്ടിവരും?
- ആ ലക്ഷ്യത്തിനായി ഇന്ന് വേണ്ടിവരുന്ന ചിലവുകൾ എത്ര ?
തുടങ്ങിയ കാര്യങ്ങൾ മനസിലാക്കിയാൽ നിക്ഷേപത്തിന് ഒരു വ്യക്തതയും ദിശയും ആ ലഷ്യത്തിലേക്ക് ഏതാണ് വേണ്ട സ്പീഡും വ്യക്തമായി മനസിലാക്കാനും ആസൂത്രണം ചെയ്യാനും പറ്റും. ഇത്തരം ലക്ഷ്യങ്ങൾ ആണ് നമ്മുടെ ഫിനാൻഷ്യൽ ഗോൾ എന്നറിയപ്പെടുന്നത്. ഈ ആസൂത്രണത്തെ ഫിനാൻഷ്യൽ പ്ലാനിംഗ് എന്നും പറയുന്നു.
ഇത്തരം സാമ്പത്തിക ലക്ഷ്യങ്ങൾ മനസിലാക്കുന്നതിലൂടെ നമ്മുടെ ലക്ഷ്യങ്ങൾ പ്രാപ്യമാക്കുന്നതിനു ഏതൊക്കെ തരം നിക്ഷേപ രീതികൾ ഉപയോഗിക്കണം എന്നുകൂടെ സാമ്പത്തികാസൂത്രണത്തിലൂടെ മനസിലാക്കാം.
ഒരുലക്ഷ്യത്തിന്റെ ഇന്നത്തെ ചിലവുകൾ പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കി ഭാവിയിൽ അവയ്ക്കു വേണ്ടിവരാവുന്ന തുകയും ആ തുകയിലേക്കുള്ള സാമ്പത്തികവളർച്ചയ്ക്ക് വേണ്ട വളർച്ചാനിരക്കുകളും കണ്ടെത്തുക എന്നത് വിഷമകരമായ കാര്യമല്ല. ഇത്തരത്തിൽ ലഭിക്കുന്ന ഭാവിയിൽ ആവശ്യമായ തുക എത്രയാണോ അതായിരിക്കണം നിക്ഷേപകന്റെ ടാർഗറ്റ്.
ആസ്തി വിഭജനം എന്തുകൊണ്ട് നടപ്പാക്കണം? ASSET ALLOCATION IS THE KEY !
ASSET ALLOCATION അല്ലെങ്കിൽ ആസ്തിവിഭജനം ആണ് ഏതൊരു നിക്ഷേപത്തിന്റെയും കാതൽ. നമ്മുടെ നിക്ഷേപക ലക്ഷ്യങ്ങളുടെ സ്വഭാവമനുസരിച് ഉയർന്ന വളർച്ചാ സാധ്യതയും ഉയർന്ന റിസ്കും ഉള്ള ഓഹരികളിലും താരതമ്യേന കുറഞ്ഞ വളർച്ചാസാധ്യത ഉള്ള കുറഞ്ഞ റിസ്കുള്ള സ്ഥിര നിക്ഷേപങ്ങളിലും ശരിയായ അനുപാതം സൂക്ഷിക്കേണ്ടതുണ്ട്. ഈ അനുപാതം ഓരോവ്യക്തികയുടെയും വരുമാനമാർഗം, കടബാധ്യതകൾ, ആസ്തികൾ, റിസ്ക് എടുക്കാനുള്ള ശേഷി തുടങ്ങി പല ഘടകങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തമായ ഒരു അസറ്റ് അലോക്കേഷൻ നിക്ഷേപത്തിൽ കൊണ്ടുവരാൻ ഒരു മികച്ച ഫിനാൻഷ്യൽ പ്ലാനറുടെ ഉപദേശം തേടുന്നതിൽ യാതൊരു സങ്കോചവും നിക്ഷേപകർ കാണിക്കേണ്ടതില്ല. കാരണം ആസ്തിവിഭജനത്തിന്റെ അടിസ്ഥാനം തന്നെ സമ്പത്തിനെ സുരക്ഷിതമായി അതിന്റെ ലക്ഷ്യത്തിലേക്ക് ആസൂത്രണം ചെയ്ത വേഗതയിൽ എത്തിക്കുക എന്നതാണ്.
നിക്ഷേപ ലക്ഷ്യങ്ങളുടെ കാലാവധിയനുസരിച്ചു സാദാരണയായി അവലംബിച്ചുപോകാറുള്ള ആസ്തിവിഭജനത്തിന്റെ രീതി നോക്കാം
What is Mean by Long Term & Short Term in investing - Read this !!!
- സാമ്പത്തികലക്ഷ്യം 5 വർഷത്തിൽ കുറഞ്ഞ കാലയളവിൽ ആണെങ്കിൽ.
- ഓഹരിവിപണിയുമായി ബന്ധപ്പെട്ട ഒരു ഉല്പന്നങ്ങളും ഈ സാഹചര്യത്തിൽ ഉപയോഗിക്കരുത് എന്നാണ് വിദഗ്ധർ നൽകുന്ന ഉപദേശം. സ്ഥിര നിക്ഷേപങ്ങളായ ഫിക്സഡ് ഡെപ്പോസിറ്റുകൾ, ഡെബ്റ്റ് മ്യുച്ചൽ ഫണ്ടുകൾ, ആർ ഡി കൽ തുടങ്ങിയവ ഇത്തരം ഫിനാൻഷ്യൽ ഗോളുകൾക്ക് ഉപയോഗിക്കാം.
- സാമ്പത്തിക ലക്ഷ്യങ്ങൾ 5 മുതൽ 10 വർഷങ്ങൾക്കിടയിൽ ആസൂത്രണം ചെയ്തവ ആണെങ്കിൽ
- നിക്ഷേപിക്കാനുള്ള തുകയുടെ 60% സുരക്ഷിതമായ ഡെബ്റ്റ് നിക്ഷേപങ്ങളായും 40% ഓഹരിവിപണിയുമായി ബന്ധപ്പെട്ട അസറ്റുകളിലും ഈ സാഹചര്യത്തിൽ നിക്ഷേപിക്കാം.
- 10 വർഷങ്ങൾക്ക് മുകളിലേക്കുള്ള നിക്ഷേപക ലക്ഷ്യങ്ങൾ
- നിക്ഷേപിക്കാനുള്ള തുകയുടെ 60% ഓഹരിവിപണിയുമായി ബന്ധപ്പെട്ട് നേരിട്ടുള്ള നിക്ഷേപങ്ങളിലും 40% സ്ഥിരവരുമാനം നൽകുന്ന ഡെബ്റ്റ് അസറ്റുകളിലും നിക്ഷേപിക്കാം.
- സ്ഥിരമായി മാസാമാസം ഒരു തുക തുടർച്ചയായി ഒരേ രീതിയിൽ നിക്ഷേപിക്കുക
- ആദ്യം തന്നെ ഒരു വലിയ തുക നിക്ഷേപിച്ചുകൊണ്ടു വളരാൻ അനുവദിക്കുക
- സ്ഥിരമായി നിക്ഷേപം തുടരുന്നതിനോടൊപ്പം നിശ്ചിതമായ കാലയളവിൽ നിക്ഷേപത്തുക വർധിപ്പിച്ചു കൊണ്ടുവരിക
0 Comments