എന്താണ് എസ്റ്റേറ്റ് പ്ലാനിംഗ് ?
ഓരോ വ്യക്തികളും ജീവിതത്തിൽ പലതരത്തിലുമുള്ള ആസ്തികൾ കൈകാര്യം ചെയ്യുന്നുണ്ട്. സ്വന്തമായി ഉണ്ടാക്കിയ കമ്പനികൾ, ബിസിനെസ്സ് സ്ഥാപനങ്ങൾ, ഉപയോഗിക്കുന്ന വീട്, കാർ, ഫർണിച്ചറുകൾ. സ്വന്തം സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ. മ്യുച്ചൽഫണ്ട്, ഓഹരികൾ. പലവിധം ഇൻഷുറൻസുകൾ. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ഭൂമി, കെട്ടിടങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ, ഉപയോഗിച്ചുകൊണ്ടരിക്കുന്ന പേന അടക്കമുള്ള എല്ലാത്തരം സ്വത്തുക്കളും അടങ്ങിയതാണ് ഒരു വ്യക്തിയുടെ എസ്റ്റേറ്റ്.
ഈ ആസ്തികളുടെ മൂല്യം എത്രയാണെങ്കിലും, വിസ്മരിക്കാനാവാത്ത ഒരു സത്യം എന്നത് ആസ്തികളൊന്നും തങ്ങളുടെ കാലശേഷം ഒരു വ്യക്തിക്കും കൂടെ കൊണ്ടുപോകാൻ ആവില്ല എന്നതാണ്. എന്നാൽ കഠിനാധ്വാനത്തിൽ വന്നു ചേർന്ന സ്ഥാപനങ്ങളും, നിക്ഷേപങ്ങളും, സ്വത്തും ഒക്കെ കാലശേഷം ആരൊക്കെ, എങ്ങിനെ ഒക്കെ കൈകാര്യം ചെയ്യണം എന്നത് ഓരോ വ്യക്തികൾക്കും കൃത്യമായി പദ്ധതികളും ആസൂത്രണങ്ങളും ഉണ്ടാവണം. അല്ലെങ്കിൽ അവയൊക്കെ അന്യാധീനപ്പെടാനും, തകരാനും വളരെ ചുരുങ്ങിയ സമയം മാത്രം മതി. ഓരോ വ്യക്തികളുടെയും ആഗ്രഹപ്രകാരം ഉദ്ദേശ കാര്യങ്ങൾ അവരുടെ കാലശേഷവും നടക്കാനും തങ്ങളുടെ ആസ്തികൾ അവ അർഹിക്കുന്ന വ്യക്തികൾക്ക് അർഹിക്കുന്ന രീതിയിൽ തന്നെ മറ്റൊരു എതിർപ്പുകളും ഇല്ലാതെ നിയമാനുസൃതമായി എത്തിപെടാനും കൃത്യമായ നിർദേശങ്ങളും ആസൂത്രണങ്ങളും ജീവിച്ചിരിക്കുമ്പോൾ തന്നെ ചെയ്യണ്ടതുണ്ട്. ഈ ഒരു ആസൂത്രണത്തിനാണ് എസ്റ്റേറ്റ് പ്ലാനിംഗ് എന്ന് വിളിക്കുന്നത്.
ഒരുവ്യക്തിയുടെ മരണശേഷം ഉള്ള കാര്യങ്ങളുടെ പ്ലാനിങ് മാത്രമല്ല എസ്റ്റേറ്റ് പ്ലാനിങ്ങിൽ പെടുന്നത്. പ്രായാധിക്യം, ആക്സിഡന്റുകൾ തുടങ്ങിയ നിയന്ത്രണാതീമായ പല സാഹചര്യങ്ങൾ കൊണ്ടും പലപ്പോഴും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ചെയ്യണ്ടേ കടമകൾ നടപ്പിലാക്കാനാവാത്ത അവസ്ഥ വരാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആ വ്യക്തികൾക്ക് പകരം കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കൃത്യമായ നിർദ്ദേശങ്ങൾ ഇല്ലെങ്കിൽ ചിലപ്പോൾ തർക്കങ്ങളും മിസ് മാനേജ്മെന്റും വന്നു ചേരുകയും സ്ഥാപനങ്ങളുടെയും ആസ്തികളുടെയും നിലനില്പിനെയും തന്നെ ബാധിക്കുകയും ചെയ്യാം. ഇത്തരം സാഹചര്യങ്ങൾക്കുള്ള പ്ലാനിംഗ് കൂടെ എസ്റ്റേറ്റ് പ്ലാനിങ്ങിന്റെ ഭാഗമാണ്.
എന്താണ് വിൽപ്പത്രം ?
ഒരുവ്യക്തിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ആസ്തികളും സ്വത്തുക്കളും ആർക്കൊക്കെ ഏത് രീതിയിൽ എങ്ങിനെ, എപ്പോൾ നൽകണം എന്ന നിർദ്ദേശങ്ങൾ അടങ്ങിയ രണ്ടു സ്വതന്ത്രമായ സാക്ഷികളുടെ സാനിധ്യത്തിൽ തയ്യാറാക്കി റെജിസ്റ്റർ ചെയ്ത നിയമപരമായി നിലനിൽക്കുന്ന ഡോക്യുമെന്റ് ആണ് വിൽപ്പത്രം.
എന്തിനാണ് വിൽപ്പത്രം തയ്യാറാക്കേണ്ടത് ?
- അനിൽ-മുകേഷ് അംബാനി തർക്കം മുതൽ പ്രതിദിനം പത്രങ്ങളിലും സമൂഹത്തിലും സ്വത്തുവകകൾ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലെന്നു കരുതുന്നു. വിൽപത്രം ഇല്ലാതിരിക്കുമ്പോൾ അടുത്ത തലമുറ പലപ്പോഴും വളരെ കലുഷിതമായ കുടുംബസാഹചര്യങ്ങളിലൂടെ ആവാം കടന്നുപോകുന്നത്.
- മിക്കപ്പോഴും നമുക്ക് വ്യക്തമായ വിൽപ്പത്രം കയ്യിലില്ലെങ്കിൽ നമ്മുടെ ആസ്തികൾ നിയമപരമായി നമ്മുടെ അവകാശികൾക്ക് ലഭിക്കാനുള്ള നിയമസംവിധാനം നാട്ടിലുണ്ട്. പക്ഷെ അത് നമ്മുടെ ഇഷ്ടപ്രകാരമോ നിർദ്ദേശപ്രകാരമോ ആയിരിക്കില്ല എന്ന് മനസിലാക്കാം.
- ആർക്കും ജീവിതത്തിലെ അനിശ്ചിതാവസ്ഥകൾ, ജീവൻ നഷ്ടപ്പെടാനുള്ള സാഹചര്യങ്ങൾ എന്നിവ ഒരിക്കലും മുൻകൂട്ടി അറിയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ റിട്ടയേർഡ് ആയ ആൾകാർ മാത്രം വിൽപ്പത്രം തയ്യാറാക്കിയാൽ മതി എന്നുള്ള രീതി ഒഴിവാക്കുക.
- INCAPACITATION, ACCIDENTS തുടങ്ങിയ സാഹചര്യങ്ങൾ കാരണം പലപ്പോഴും സാദാരണ ജീവിതം നയിക്കാൻ പറ്റാതെവരാം. ഈ സമയം നമ്മുടെ സ്വന്തം കാര്യങ്ങൾ, ആസ്തികളുടെ മേൽനോട്ടച്ചുമതല എന്നിവ കൃത്യമായും നടപ്പാക്കാൻ കഴിവുള്ള ആൾക്കാരെ ചുമത്തപ്പെടുത്തുന്നത് ഏതൊരു ബിസിനെസ്സ് സംരംഭങ്ങൾക്കും ആവശ്യമാണ്.
- PEACE OF MIND - നമ്മുടെ അഭാവത്തിൽ കാര്യങ്ങൾ കൈവിട്ടുപോകാതെ കൃത്യമായി ആസൂത്രണത്തിലൂടെ ഫാമിലിയുടെ സന്തോഷവും സമാദാനവും നിലനിർത്തുക എന്നത് തികച്ചും സന്തോഷപരമായ കാര്യമാണ്.
ആർക്കൊക്കെ വിൽപ്പത്രം തയ്യാറാക്കാം ?
18 വയസ്സ് പൂർത്തിയായ ശരിയായ മാനസിക ആരോഗ്യമുള്ള ആർക്കും വിൽപ്പത്രം എഴുതാം. എത്രതവണ വേണമെങ്കിലും വിൽപ്പത്രം മാറ്റം വരുത്തുകയോ പൂർണമായും റദ്ദാക്കുകയോ ചെയ്യാം. ആസ്തികളുടെ വിവരങ്ങൾ പൂർണമായി നൽകുകയും അവയുടെ നേരെ നോമിനീ അല്ലെങ്കിൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ എഴുതിച്ചേർക്കുകയും ചെയ്യാം. ഇത്തരത്തിൽ തയ്യാറാക്കിയ വിൽപ്പത്രത്തിൽ സ്വതന്ത്രരായ രണ്ടു ദൃക്‌സാക്ഷികളുടെ ഒപ്പ് അല്ലെങ്കിൽ അറ്റസ്റ്റേഷൻ നൽകുകയും വേണം. അതിനുശേഷം രെജിസ്റ്റാർ മുഖേനെ വിൽപ്പത്രം രജിസ്റ്റർ ചെയ്യുകയും വേണം. എങ്കിൽ മാത്രമേ നിയമപരമായ നിലനില്പ് വില്പത്രങ്ങൾക്കു ലഭിക്കുകയുള്ളു. വിൽപത്രം സ്റ്റാംപ് പേപ്പറിൽ തന്നെ നിർമിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. പ്ലെയിൻ പേപ്പറിൽ എഴുതിയ വിൽപ്പത്രത്തിനും നിയമപരമായി ഒരേ അംഗീകാരം തന്നെ ലഭിക്കും.
നോമിനികളെ ദൃക്‌സാക്ഷികളായി വയ്ക്കാതിരിക്കുന്നതാണ് എപ്പോളും നല്ലത്. കൂടാതെ ദൃക്‌സാക്ഷികളുടെ സാഹചര്യങ്ങളും വിലയിരുത്തണം. അവർ ഒരിക്കലും വില്പത്രങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിന്നും നേട്ടം ഉണ്ടാക്കാനായി പ്രവർത്തിക്കുന്നവർ ആകരുത്.
വില്പത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ !
സാദാരണയായി അഡ്വക്കേറ്റ് അല്ലെങ്കിൽ നിയമങ്ങളെക്കുറിച്ചു വ്യക്തമായി അറിവുള്ള ആൾകാർ ആണ് വില്പത്രങ്ങൾ ഉണ്ടാക്കാനായി സഹായിക്കാറുള്ളത്. ഇത്തരം വില്പത്രങ്ങളിൽ സാദാരണയായി കാണാറുള്ള വാക്കുകൾ ഇവയാണ്.
TESTATOR -
ആരാണോ വിൽപത്രം തയ്യാറാക്കുന്നത്, ആ വ്യക്തിയാണ് TESTATOR എന്നറിയപ്പെടുന്നത്.
BENEFICIARY -
ആരാണോ വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്ന അവകാശികൾ അല്ലെങ്കിൽ നോമിനീ. അവരാവും ബെനിഫിഷ്യറി എന്ന് അറിയപെടുന്നവർ. പലപ്പോഴും വിൽപ്പത്രത്തിൽ ഒന്നിലധികം ബെനിഫിഷ്യറികൾ കാണും.
EXECUTOR -
വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ അധികാരമുള്ള ആൾ അല്ലെങ്കിൽ വിൽപത്രം തയ്യാറാക്കിയ അഡ്വക്കേറ്റ് . എക്സിക്യൂട്ടറുടെ നേത്ര്വത്തിൽ ആവും അവകാശികൾക്ക് സ്വത്തിൻറെ വിഹിതം നൽകപ്പെടുന്നത്.
CODICIL -
വിൽപത്രം പലതവണ മാറ്റി എഴുതുവാൻ സാധിക്കും എന്ന് പറഞ്ഞല്ലോ. അതിനായി ഉപയോഗിക്കുന്ന നിയമപരമായ ഡോക്യുമെന്റ് ആണ് CODICIL .
വിൽപ്പത്രങ്ങളിൽ ഉണ്ടായിരിക്കേണ്ട ഉള്ളടക്കം.
വിൽപ്പത്രം തയ്യാറാക്കുന്ന ആളുടെ പൂർണമായ വ്യക്തിവിവരങ്ങൾ, വിൽപ്പത്രം എഴുതിയ തീയതി, വിൽപത്രം പൂർണമായ ബോധ്യത്തിലും പൂർണമായ മാനസികാവസ്ഥയിലും സ്വതന്ത്രമായി തയ്യാറാക്കിയതാണ് എന്നുള്ള ഡിക്ലറേഷൻ, വിൽപ്രകാരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട അഡ്വക്കറ്റിന്റെ ഡീറ്റെയിൽസ്, ആസ്തികളുടെ പൂർണവിവരങ്ങൾ, ദൃക്‌സാക്ഷികളുടെ പൂർണമായ വിലാസങ്ങളോട് കൂടിയ ഒപ്പും പേരും.
ആസ്തികളുടെ പൂർണവിവരങ്ങൾ - ഓരോ ആസ്തികളുടെയും, അവ സ്ഥിതിചെയ്യുന്ന പൂർണമായ വിലാസങ്ങൾ, അവയുടെ ഉടമസ്ഥതാവകാശങ്ങളുടെ തെളിവുകൾ, അക്കൗണ്ട് വിവരങ്ങൾ, അവയുമായി ബന്ധപ്പെട്ട ആൾക്കാരുടെ വിവരങ്ങൾ, മ്യുച്ചൽ ഫണ്ടുകൾ പോലുള്ളവയുടെഫോളിയോ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, ബാധ്യതകളുടെ വിവരങ്ങൾ, തുടങ്ങി ആസ്തികളുടെ പൂർണമായ വിവരങ്ങളും അവയുടെ നേരെ ഇത്തരം ആസ്തികൾ ആർക്കാണോ നൽകേണ്ടത് അത്തരം ബെനിഫിഷ്യറികളുടെ പൂർണമായ വിവരങ്ങളും നൽകണം. ബെനിഫിഷ്യറികൾ മൈനർ ആണെങ്കിൽ ഗാർഡിയൻ ആരെയാണ് വച്ചിരിക്കുന്നത് അതും വിൽപത്രത്തിൽ ഉൾപ്പെടുത്തണം.
ഇന്ത്യയിലെ വിൽപ്പത്രങ്ങളെ സംബന്ധിക്കുന്ന ചില നിയമങ്ങളും പോയിന്റുകളും.
എക്സിക്യൂട്ടർ നിർബന്ധമില്ലെങ്കിലും നിലനിർത്തുന്നതാണ് എപ്പോഴും നല്ലത്. കഴിവതും ഫാമിലി അഡ്വക്കറ്റിന്റെ സഹായത്തോടെ മാത്രം വിൽ തയ്യാറാക്കുക. എക്സിക്യൂട്ടർ, ദൃക്‌സാക്ഷികൾ തുടങ്ങിയവർ നമ്മളെക്കാൾ പ്രായം കുറഞ്ഞവരും, സമൂഹത്തിൽ അംഗീകാരം ഉള്ളവരും, ശരിയായ ശാരീരിക മാനസിക ആരോഗ്യമുള്ളവരും, പേർസണൽ ആയി വിൽപത്രത്തിൽ നിന്നും നേട്ടം പ്രതീക്ഷിച്ചു നിൽക്കുന്നവരും ആയിരിക്കരുത്.
പാഴ്സി/ക്രിസ്ത്യൻ വിശ്വാസികൾ വിവാഹത്തിന് മുന്നേ വിൽ രെജിസ്റ്റർ ചെയ്താലും TESTATOR വിവാഹം കഴിക്കുന്നതോടെ ആ വിൽപത്രം അസാധുവാകും. പുനർവിവാഹങ്ങൾക്കും ഈ നിയമം ബാധകമാണ്.
മുസ്ലിം വ്യക്തിഗതനിയമങ്ങൾക്കു അനുസൃതമായി സ്വത്തിന്റെ 1/3rd മാത്രമേ വിൽ വഴി നൽകാൻ പറ്റുള്ളൂ. ശരിയത്ത് നിയമന പ്രകാരമുള്ള മാർഗനിർദേശങ്ങൾ അനുസരിച്ചാണ് മുസ്ലിം പിൻതുടർച്ചാവകാശങ്ങളിൽ തീരുമാനം എടുക്കുന്നത്.
0 Comments