സെബിയുടെ നിർദ്ദേശങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി അസറ്റ് മാനേജ്‌മന്റ് കമ്പനികളുടെയും ഓഹരി വിദഗ്ധരുടെയും, നേതൃത്വത്തിൽ പല നിക്ഷേപകരിൽ നിന്നും പണം സമാഹരിക്കുകയും, ആ പണം കൃത്യമായ പ്ലാനിങ്ങോടെയും പഠനത്തോടെയും മികച്ച ഓഹരികളിലോ, കടപ്പത്രങ്ങളിലോ, മറ്റുള്ള അസ്സറ്റുകളിലോ മികച്ചനേട്ടം പ്രതീക്ഷിച്ചു നിക്ഷേപിക്കുകയും ചെയ്യുന്ന പദ്ധതികളാണ് മ്യുച്ചൽ ഫണ്ടുകൾ.
ഓരോ മ്യുച്ചൽഫണ്ടുകളും അവർ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ (ഷെയറുകൾ, ബോണ്ടുകൾ തുടങ്ങിയവ) മൂല്യവും വിവരങ്ങളും എല്ലാ മാസവും നിക്ഷേപകർക്കായി നൽകാറുണ്ട്. ഇത്തരം ആസ്തികളുടെ കൂട്ടത്തെ പോർട്ട് ഫോളിയോ എന്നാണ് വിളിക്കുന്നത്.
മ്യുച്ചൽഫണ്ടുകളിൽ നിക്ഷേപിച്ച ഓരോ നിക്ഷേപകർക്കും ആ ഫണ്ടിന്റെ ആസ്തിയിലും ആ ഫണ്ട് നിക്ഷേപക കാലാവധിയിൽ സ്വരൂപിക്കുന്ന ലാഭത്തിലും ഒരുപങ്ക് അവരുടെ നിക്ഷേപത്തിനനുസരിച്ചു അവകാശപ്പെട്ടതാണ്. ഇത്തരത്തിൽ നിക്ഷേപകർക്കുള്ള അവകാശം ആ ഫണ്ടിന്റെ യൂണിറ്റുകൾ ആയാണ് നൽകുന്നത്. നിക്ഷേപകർ നൽകിയ തുകയ്ക്ക് അനുസൃതമായി യൂണിറ്റുകൾ ഫണ്ട് വാങ്ങിയവർക്ക് ലഭിക്കും. നിക്ഷേപകർക്ക് യൂണിറ്റുകൾ ഫണ്ട് മാനേജ്‌മന്റ് കമ്പനികൾക്ക് തന്നെ വിൽക്കുകയും തങ്ങളുടെ പണം എപ്പോൾ വേണമെങ്കിലും തിരികെയെടുക്കുകയും ചെയ്യാം. ഇവിടെ നിക്ഷേപകർ മ്യുച്ചൽ ഫണ്ട് കമ്പനികളിൽ നിന്നും യൂണിറ്റുകൾ വാങ്ങുകയും അവയുടെ മൂല്യം കൂടുമ്പോൾ മ്യുച്ചൽഫണ്ട് കമ്പനികൾക്കുതന്നെ ആ യൂണിറ്റുകൾ വിൽക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.
ഇത്തരം യൂണിറ്റുകൾ മ്യുച്ചൽഫണ്ടു കമ്പനികളിൽ നിന്നും നേരിട്ടോ, ബ്രോക്കർ വഴിയോ, ഡിസ്ട്രിബ്യുട്ടർമാർ വഴിയോ, ബാങ്കുകൾ വഴിയോ ഒക്കെ വാങ്ങാനുള്ള സംവിധാനം ഇന്നുണ്ട്. പല ഫണ്ട് മാനേജ്‌മന്റ് കമ്പനികളുടെയും സ്വന്തം ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ യൂണിറ്റുകൾ എളുപ്പം വാങ്ങുകയോ വിൽക്കുകയോ ഒക്കെ ചെയ്യാം. ഇത്തരത്തിൽ ലഭിക്കുന്ന ഒരു യൂണിറ്റിന്റെ വിലയാണ് NAV എന്ന് അറിയപ്പെടുന്നത്.
ഇടനിലക്കാർ ഇല്ലാതെ മ്യുച്ചൽഫണ്ട് കമ്പനി നേരിട്ട് നിക്ഷേപകർക്ക് നൽകുന്ന പ്ലാനുകൾ ഡയറക്ട് എന്നും ബ്രോക്കർ ഏജന്റുമാർ തുടങ്ങിയവർ മുഘേനെ നൽകുന്ന പ്ലാനുകൾ റെഗുലർ എന്നുമാണ് അറിയപ്പെടുന്നത്. സൂചിപ്പിച്ചതുപോലെ ഡയറക്ട് പ്ലാനുകളിൽ റെഗുലർ പ്ലാനുകളെക്കാൾ ചിലവുകൾ കമ്പനികൾക്ക് കുറയുകയും ആ ആനുകൂല്യം നിക്ഷേപകരിലേക്ക് നേരിട്ട് എത്തുകയും ചെയ്യും. അതുകൊണ്ടു തന്നെ ഡയറക്ട് ഫണ്ടുകൾക്കു റെഗുലർ ഫണ്ടുകളേക്കാൾ നേട്ടം കൂടുതലാണ്.
ഇന്ത്യൻ മ്യുച്ചൽ ഫണ്ടുകളുടെ ചരിത്രം
ഇന്ത്യയിൽ ആദ്യമായി മ്യുച്ചൽ ഫണ്ട് തുടങ്ങുന്നത് 1963 ൽ യുണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (UTI) ആണ്. 1980 ഓടെ പബ്ലിക് സെക്ടർ ബാങ്കുകൾക്കും ഫിനാൻഷ്യൽ ഇൻസ്റ്റിട്യൂഷനുകൾക്കും മ്യുച്ചൽ ഫണ്ടുകൾ തുടങ്ങാൻ അനുമതി നൽകിത്തുടങ്ങി. 1993 ൽ സെബി നിയമത്തോട് കൂടി സ്വകാര്യ മേഖലാ കമ്പനികളും മ്യുച്ചൽ ഫണ്ടുകൾ സ്റ്റാർട്ട് ചെയ്തു തുടങ്ങി. 1993 ലെ നിയമങ്ങൾ സെബി 1996 ഓട് കൂടെ പൂർണമായും പരിഷ്കരിക്കുകയും പിനീട് സമയാസമയം സർക്കുലറുകളിലൂടെയും മറ്റും സമയബന്ധിതമായി പരിഷ്കരിക്കുകയും ചെയ്തുവരുന്നു.
മ്യുച്ചൽ ഫണ്ടുകൾ എങ്ങനെ തുടങ്ങുന്നു ??
സെബി നിയമങ്ങൾക്കനുസൃതമായി ട്രസ്റ്റ് ആയാണ് മ്യുച്ചൽ ഫണ്ട് തുടങ്ങുന്നത്. ട്രസ്റ്റ്നു വ്യക്തമായ ഒരു സ്പോൺസർ, TRUSTEE, അസറ്റ് മാനേജ്‌മന്റ് കമ്പനി (AMC), CUSTODIAN അഥവാ സംരക്ഷകൻ ഇതൊക്കെ കാണും. മ്യുച്ചൽ ഫണ്ടിന്റെ TRUSTEEEകൾ ആണ് കമ്പനിയുടെ മൊത്തം ആസ്തിയും നിക്ഷപകർക്കു വേണ്ടി കൈകാര്യം ചെയ്യുന്നത്. അസറ്റ് മാനേജ്‌മന്റ് കമ്പനി ആണ് ഈ ശേഖരിച്ച നിക്ഷേപം മികച്ച വളർച്ചാസാധ്യതയും സുരക്ഷയും ഒക്കെ കണക്കാക്കി പലതരം സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നത്. CUSTODIAN ഇത്തരം സെക്യൂരിറ്റികൾ അദ്ദേഹത്തിന്റെ കസ്റ്റഡിറ്റിയിൽ സൂക്ഷിക്കും. TRUSTEEസിന് AMC അഥവാ അസറ്റ് മാനേജ്‌മന്റ് കമ്പനിയെ നിയന്ത്രിക്കാനും പ്രകടനവും ഒക്കെ നിയന്ത്രിക്കാനുള്ള അധികാരം സെബി നൽകിയിരിക്കുന്നു. സെബിയുടെ നിയമപ്രകാരം മൂന്നിൽ രണ്ട് TRUSTEE അംഗങ്ങളും സ്പോൺസറുമായി ബന്ധം ഉള്ള ആൾകാർ ആവാൻ പാടില്ല. കൂടാതെ ട്രസ്റ്റ് ന്റെ പകുതി അംഗങ്ങളും INDEPENDENT ആയിരിക്കാനും വ്യവസ്ഥ ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ ഫാമിലി ട്രസ്റ്റ് പോലെ മ്യുച്ചൽ ഫണ്ടുകൾ തുടങ്ങാൻ ആവില്ലെന്ന്.
NAV - നെറ്റ് അസറ്റ് വാല്യൂ
മ്യുച്ചൽ ഫണ്ട് നിക്ഷേപകരുടെ പക്കൽ നിന്നും സമാഹരിച്ച പണം ഓഹരി വിപണികളിൽ ആണ് നിക്ഷേപിക്കുന്നത് എന്ന് പറഞ്ഞല്ലോ. അതായത് മ്യുച്ചൽ ഫണ്ട്, നിക്ഷേപകരിൽ നിന്നും സമാഹരിച്ച പണം ഉപയോഗിച്ച് മികച്ച ഓഹരികളുടെയും അല്ലെങ്കിൽ ബോണ്ടുകളുടെയും ഒക്കെ ഒരു പോർട്ട് ഫോളിയോ തന്നെ ഉണ്ടാക്കും. ഈ പോർട്ട് ഫോളിയോയുടെ ആകെ തുക എന്നത് അതിലെ ഓരോ സെക്യൂരിറ്റിയുടെയും വില കൂട്ടിയാൽ കിട്ടുന്നത് ആയിരിക്കും. അങ്ങനെ ഒരു ഫണ്ട് ഉൾകൊള്ളുന്ന മൊത്തം ഓഹരികളുടെയും ആകെ തുക എന്താണോ അതാണ് നെറ്റ് അസെറ്റ് വാല്യൂ. ഓഹരിവിലകൾ മാർക്കറ്റിൽ ദിവസവും കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കും, അതുപോലെ NAV യും ഓഹരിവിപണിയുടെ ക്ലോസിംഗിനെ ആശ്രയിച്ചു കൂടിയും കുറഞ്ഞും ഇരിക്കും. ഈ NAV യെ മൊത്തം യൂണിറ്റുകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ ഒരു മ്യുച്ചൽ ഫണ്ട് യൂണിറ്റിന്റെ വിലയും അറിയാം.
ഉദാഹരണമായി KOTAK എന്ന അസറ്റ് മാനേജ്‌മന്റ് കമ്പനിയുടെ X-FUND എന്ന ഫണ്ടിന്റെ മൊത്തം ഓഹരികളുടെയും ഇന്നത്തെ മാർക്കറ്റ് വാല്യൂ 400ലക്ഷം രൂപ ആണെന്ന് വയ്ക്കുക. ആ ഫണ്ട് മൊത്തത്തിൽ അതിന്റെ നിക്ഷേപകർക്ക് 20 ലക്ഷം യൂണിറ്റുകൾ നല്കിയിട്ടുണ്ട് എങ്കിൽ NAV PER UNIT = 400÷20 = 20 രൂപ ആയിരിക്കും. അതായത് ആ ഫണ്ടിന്റെ ഒരു യൂണിറ്റിന് 20 രൂപ.
ചിലപ്പോൾ മാർക്കറ്റ് നന്നായി പെർഫോം ചെയ്തു, ഈ ഫണ്ടിന്റെ NAV 400 ലക്ഷം രൂപയിൽ നിന്നും 600 ലക്ഷം രൂപ ആയെങ്കിൽ യൂണിറ്റിന്റെ വിലയും 20 രൂപയിൽ നിന്നും 30 രൂപയിലേക്കു വർധിക്കും. അതുപോലെ മാർക്കറ്റ് താഴേക്ക് പോയാൽ NAV 400 ലക്ഷം രൂപയിൽ നിന്നും 200 ലക്ഷം രൂപ ആയാൽ യൂണിറ്റിന്റെ വില 10 രൂപ ആയി കുറയുകയും ചെയ്യും.
ഇത്തരത്തിൽ മ്യുച്ചൽ ഫണ്ടിന്റെ പ്രകടനത്തെ NAV PER UNIT RATE അല്ലെങ്കിൽ NAV ൽ വരുന്ന മാറ്റം കൊണ്ട് സൂചിപ്പിക്കാൻ പറ്റും.
0 Comments